മുംബൈ: സർവകാല റിക്കാർഡുകളും ഭേദിച്ച് ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് ധുരന്ധർ; ദി റിവഞ്ച്. രൺവീർ സിംഗ് നായകനായ ധുരന്ധർ-2 റീലിസ് ചെയ്ത് രണ്ടാം ദിനം 80.72 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതോടെ സിനിമയുടെ മൊത്തം കളക്ഷൻ രണ്ട് ദിവസം കൊണ്ട് 200 കോടി പിന്നിട്ടു.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തിൽ റെക്കോർഡ് ഓപ്പണിങ്ങാണ് നേടിയത്. ബുധനാഴ്ച പെയ്ഡ് പ്രിവ്യൂകളിൽ നിന്ന് 43 കോടി രൂപയും വ്യാഴാഴ്ച ആദ്യദിനം 102.55 കോടി രൂപയും നേടി.
രണ്ടാം ദിനത്തിൽ 80.72 കോടിയാണ് സമാഹരിച്ചത്. ട്രേഡ് ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം രണ്ട് ദിവസത്തെ മൊത്തം കളക്ഷൻ നിലവിൽ 226.27 കോടി രൂപയാണ്.
അതേസമയം ചിത്രത്തിന്റെ നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് കളക്ഷൻ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. റെക്കോർഡ് അഡ്വാൻസ് ബുക്കിംഗാണ് ധുരന്തർ 2-ന് ലഭിച്ചത്. ബുധനാഴ്ച മാത്രം പണമടച്ചുള്ള പ്രിവ്യുകൾ സഹിതം 15 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
നിലവിൽ ധുരന്ധർ -1ന്റെ ബോക്സോഫീസ് റെക്കോർഡുകൾ രണ്ടാം ഭാഗം ആഴ്ചകൾ കൊണ്ട് മറികടക്കുമെന്നാണ് ബോളിവുഡിലെ സംസാരം.